ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധബലം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിനായി 1981.90 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കരാർ നൽകിയതായി കേന്ദ്ര സർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. സൈന്യത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഭീകരവിരുദ്ധ പ്രവർത്തനം കൂടുതൽ ഊര്ജിതമാക്കാനുമാണ് ഈ നീക്കമെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാകുന്നു.
ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിറ്റക്ഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ബാലിസ്റ്റിക്ക് ഹെൽമറ്റുകൾ എന്നിവയടക്കം നിരവധി പ്രതിരോധസംവിധാനങ്ങളാണ് വാങ്ങുക. സൈന്യത്തെ ആധുനികവത്കരിക്കുന്നതിന്റെയും പുതിയ വെല്ലുവിളികളെ നേരിടുന്നതിൽ പ്രാപ്തരാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.


