രാജ്യത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെ ഉത്തരേന്ത്യയില്‍ ഓക്സിജന്‍ ക്ഷാമം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. പല ആശുപത്രികളിലും രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഓക്സിജന്‍ തീരുമെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി പല ആശുപത്രികളും രംഗത്തെത്തി. ചില ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് തന്നെ നിര്‍ത്തിവച്ചു.
ഓക്സിജന്‍ കിട്ടാതായതോടെ ദില്ലി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 പേരാണ് മരിച്ചത്. ജയ്പൂര്‍ നീല്‍കാന്ത് ആശുപത്രിയില്‍ 5 മരണം ഉണ്ടായി. കഴിഞ്ഞ രാത്രിയിലാണ് അഞ്ച് പേര് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 200 പേര് ഇവിടെ ഗുരുതരാവസ്ഥയില്‍ ഉണ്ട്. അരമണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്സിജനേ സ്റ്റോക്കുള്ളൂവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഓക്സിജന്‍ തീര്‍ന്നതോടെ ദില്ലി മൂല്‍ചന്ദ് ആശുപത്രിയിലും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി. ദില്ലി സരോജ് ആശുപത്രിയിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും രോഗികളെ പ്രവേശിപ്പിക്കുന്നില്ല.
ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ ദില്ലിയിലെ ഒരു വീട്ടില്‍ നിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ റെയ്ഡ് ചെയ്തു കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തു വന്നു. 32 വലിയ ഓക്സിജന്‍ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളും കണ്ടെത്തിയതായാണ് ദില്ലി പൊലീസ് അറിയിച്ചത്. ദസ്രത്ത് പുരിയിലെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
രാജ്യത്ത് ഇന്നും മൂന്നര ലക്ഷത്തോളം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേര് രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കാല് കോടി പിന്നിട്ടു. 25,52,940 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.


