കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. രോഗ വ്യാപനം കൂടുതലുള്ള മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ദില്ലി, പഞ്ചാബ് മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.
അതേസമയം വരാനിരിക്കുന്ന അടുത്ത മൂന്ന് മാസം ഉത്തരേന്ത്യയില്‍ നിര്‍ണായകമാണെന്ന് നീതി ആയോഗ് അംഗം വി. കെ. പോള്‍ പറഞ്ഞു. ആഘോഷങ്ങളും ശൈത്യവും വെല്ലുവിളി നിറഞ്ഞതാകും. ശൈത്യത്തില്‍ ശ്വസന പ്രശ്നങ്ങള്‍ കൂടുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാകുമെന്നും വി.കെ. പോള്‍ പറഞ്ഞു. ആഘോഷങ്ങള്‍ക്ക് തിരക്ക് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 18,390 ഉം , ആന്ധ്രപ്രദേശില്‍ 7,553 ഉം, കര്‍ണാടകയില്‍ 6974 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 56 ലക്ഷത്തിലേക്കെത്തുമെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന എഴുപത്തിഅയ്യായിരത്തിലേക്ക് താണിരുന്നു. ഒരു ദിവസം രോഗം ഭേദമാകുന്നവരുടെ എണ്ണം ഒരു ലക്ഷവും കടന്നിരുന്നു. പരിശോധന കുറഞ്ഞതിനാലാണ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതെന്ന വാദം കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി.
സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ എല്ലാ ദിവസവും ആയിരത്തിലധികം മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരുദിവസം ഏറ്റവും കൂടുതല്‍പേര്‍ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോഴും രോഗം ഭേഗമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനയാണ് കേന്ദ്ര സര്‍ക്കാരിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്.
ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന രോഗ ബാധ നിരക്കാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. പരിശോധന കുറയ്ക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുമോ എന്ന ആശങ്കയാണ് ആരോഗ്യ രംഗത്തുള്ളവര്‍ പങ്കുവയ്ക്കുന്നത്.


