ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകര്‍പ്പന്‍ വിജയവും അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നത്. അതില്‍ മോദി വിജയിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ജനവിധി മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നതായി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഏഴു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ലീഡു നിലയില്‍ ബിജെപി ഒറ്റയ്ക്ക് തന്നെ 300 പിന്നിട്ടതിനു പിന്നാലെയാണ് രാഹുല്‍ ജനവിധി അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
‘സത്യം പറയട്ടെ, തിരഞ്ഞെടുപ്പു തോല്‍വിയുടെ കാരണം വിലയിരുത്താനുള്ള ദിനമാണ് ഇതെന്നു ഞാന്‍ കരുതുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്ര മോദിയാണ് അവരുടെ പ്രധാനമന്ത്രിയെന്ന് വിധിയെഴുതിയിരിക്കുന്നു. ആ ജനവിധിയെ ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനും മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നു. അവിടെ വിജയിച്ച സ്മൃതി ഇറാനിക്ക് അഭിനന്ദനങ്ങള്‍. അമേഠിയിലെ ജനങ്ങളുടെ കാര്യത്തില്‍ സ്നേഹപൂര്‍വമുള്ള കരുതല്‍ വേണമെന്ന് അഭ്യര്‍ഥിക്കുന്നു’ – രാഹുല്‍ പറഞ്ഞു.


