ന്യൂഡല്‍ഹി: എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന തരത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകൾ. വെല്ലുവിളികളൊന്നും തടസ്സമാകാതെ രാജ്യത്ത് എൻഡിഎ മുന്നേറ്റം.
വോട്ടെണ്ണലിന്റെ ആദ്യമിനിറ്റിൽ തുടങ്ങിയ ആധിപത്യം എൻഡിഎ തുടരുന്നു. രണ്ടാംവട്ടവും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. രാവിലെ ഒൻപതരയോടെയുള്ള ഫലസൂചനകളിൽ 542 ൽ 250 ലേറെ സീറ്റുകളിലേക്ക് എൻഡിഎയുടെ ലീഡ് ഉയർന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്.
എൻഡിഎ 270, യുപിഎ 102, തൃണമൂൽ 17, എസ്പി–ബിഎസ്പി 9, മറ്റുള്ളവർ 95 എന്നിങ്ങനെയാണ് ആദ്യ മണിക്കൂറിലെ ട്രെൻഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.
10 സർവേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 304 സീറ്റ് നേടും. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേർന്ന് 118 സീറ്റ് നേടും. 2014ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികൾ 149 സീറ്റുമാണു നേടിയത്.


