ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ ശേഷി കൂടി തെളിയിക്കുന്നതായിരുന്നു ഓപ്പറേഷന് സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍വ്വ കക്ഷി സംഘത്തിലൂടെ എല്ലാവരും രാജ്യത്തിന് വേണ്ടി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മോദി നന്ദി അറിയിച്ചു. പാര്‍ലമെന്റ് തുടങ്ങുന്നതിന് മുമ്പ് പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഓപ്പറേഷന് സിന്ദൂര്‍ രാജ്യത്തിന്റെ സൈനിക ശക്തി വ്യക്തമാക്കുന്നതായിരുന്നു. ഓപ്പറേഷന് സിന്ദൂറിന്റെ വിജയസമ്മേളനം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് മെച്ചപ്പെട്ട കാലാവസ്ഥയാണെന്നും ഇത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. ശുഭാംശു ശുക്ലയുടെ ബഹിരാകാരാശ യാത്രയെയും മോദി പ്രശംസിച്ചു.
മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ചും മോദി സംസാരിച്ചു. ‘മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ ശക്തമാണ്. മാവോയിസ്റ്റ് സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ്. മാവോയിസ്റ്റ് മുക്ത ഭാരത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് രാജ്യം കടക്കുകയാണ്’, അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് രാജ്യം കുതിക്കുന്നുവെന്നും ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയായി രാജ്യം വളര്‍ന്നെന്നും മോദി പറഞ്ഞു. 25 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. യുപിഐ വിപ്ലവമാണ് രാജ്യത്തെന്നും ലോകത്ത് ഏറ്റവും അധികം ഡിജിറ്റല്‍ പണമിടപാട് ഇന്ത്യയിലാണെന്നും മോദി പറഞ്ഞു.