ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സ് ശമ്പളം നിഷേധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് പൈലറ്റുമാര്‍. ഇത് സംബന്ധിച്ച് പൈലറ്റുമാര്‍ പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും കത്തെഴുതി.

കമ്പനി തകര്ച്ചയടെ വക്കിലാണെന്ന് തങ്ങള്‍ ഭയക്കുന്നതായും ഇത് ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും പൈലറ്റുമാരുടെ സംഘടനയായ നാണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കി. മാര്‍ച്ച് 31നുള്ളില്‍ തങ്ങളുടെ ശമ്പളം തന്ന് തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ വിമാനം പറത്തില്ലെന്നാണ് പൈലറ്റുമാരുടെ നിലപാട്.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോഴും പൈലറ്റുമാരും എഞ്ചിനീയര്‍മാരും ഒഴികെയുള്ള ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്നും പൈലറ്റുമാര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു. മൂന്ന് മാസത്തോളമായി ശമ്പളം ലഭിക്കാത്ത പൈലറ്റുമാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും മാനേജ്മെന്റ് പൈലറ്റുമാരുടെ അപേക്ഷകളോട് മുഖം തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി കുടിശ്ശിക വീട്ടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 450ല്‍ 150 സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. ജെറ്റിന്റെ ബിസിനസ് പാര്‍ട്നര്‍ ആയ എത്തിഹാദ് എയര്‍വെയ്സ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റിന് വേണ്ടി പണമിറക്കാന്‍ തയ്യാറല്ലെന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമേ ജെറ്റ് എയര്‍വെയ്സിനെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനാവൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

