അമരാവതി: പോലീസ് സേനയെ അപമാനിക്കുന്ന പരാമര്‍ശവുമായി തെലുങ്ക് ദേശം പാര്‍ട്ടി മുതിര്‍ന്ന നേതാവും അനന്തപുര്‍ മുന്‍ എംപിയുമായ സിജെ ദിവാകര്‍ റെഡ്ഡി. തെലുങ്ക് ദേശം പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് തന്റെ കാലിലെ ചെരുപ്പു നക്കിക്കും എന്നാണ് ദിവാകര്‍ റെഡ്ഡി പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശിങ്കിടികളായാണ് വര്‍ത്തിക്കുന്നത്.
ടിഡിപി പ്രവര്‍ത്തകരെ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിന് പോലീസുകാര്‍ക്ക് മേല്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ടിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കുന്നതിനും പോലീസുകാരെ ഇവര്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഭരണപക്ഷത്തിന്റെ ആജ്ഞയ്ക്ക് അനുസരിച്ച് ചലിക്കുകയാണ് പോലീസുകാര്‍ ചെയ്യുന്നത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ഇവരുടെ നിര്‍ദ്ദേശ പ്രകാരം പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുള്ളത്. ഡിടിപി അധികാരത്തില്‍ വരികയാണെങ്കില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് ചെരുപ്പ് നക്കിക്കും. റെഡ്ഡി പറഞ്ഞു.


