മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനായി ഉള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി.99 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചത്. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ നിന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ കാംതിയില്‍ നിന്നും മത്സരിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ അശോക് ചവാന്റെ മകള്‍ ശ്രീജയ അശോക് ചവാന് ഭോക്കറില്‍ സീറ്റ് നല്കി. മന്ത്രിമാരായ ഗിരീഷ് മഹാജന് ജാംനറിലും സുധീര്‍ മുന്ഗന്തിവാര് ബല്ലാര്പൂരിലും മത്സരിക്കും.ആശിഷ് ഷെലാര്‍ ബാന്ദ്ര വെസ്റ്റില്‍ ജനവിധി തേടും.
അതിനിടയില്‍ 5 സീറ്റുകള്‍ ആവശ്യപ്പെട്ടതായി റിപ്പബ്ലിക് പാര്‍ട്ടി അധ്യക്ഷന്‍ രാംദാസ് അത്വലെ പറഞ്ഞു. മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡിയില്‍ സമവായമായ സീറ്റുകളില്‍ ഇന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന ചുമതലയുള്ള രമേശ് ചെന്നിത്തല പ്രതികരിച്ചു.ഇടതു പാര്‍ട്ടികള്‍ മഹാവികാസ് ഖാഡിയില് തുടരുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവലെ ട്വന്റിഫോറിനോട് വ്യക്തമാക്കി.