ചെന്നൈ: ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 സിനിമാ ഷൂട്ടിങ്ങിനിടെ ക്രെയിന്‍ മറിഞ്ഞ് മൂന്നു മരണം. സഹസംവിധായകന് കൃഷ്ണ (34), സെറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രന് (60) എന്നിവരാണ് മരിച്ചത്. കമല്‍ഹാസനാണ് ചിത്രത്തിലെ നായകന്.
ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. മന്‍ചാങ്(37), വാസു(35), റംസാന്(43), അരുണ്‍ പ്രശാന്ത്(24), കുമാര്‍(52), കലൈചിത്ര, ഗുണബാലന്‍, തിരുനാവക്കരശു(45), മുരുഗദോസ്(40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംവിധായകന് ഷങ്കറിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരെ സവിത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്.
ചിത്രീകരണത്തിനായുള്ള തയാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന് ഉള്‍പ്പെടെ ഉള്ളവര്‍ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു.ലൈറ്റുകള്‍ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്. 1996 ല്‍ ഷങ്കര്‍ തന്നെ സംവിധാനം ചെയ്ത ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ തുടര്‍ഭാഗമായാണ് ‘ഇന്ത്യന്‍ 2’ ചിത്രീകരണം തുടങ്ങിയത്.


