ന്യൂഡല്‍ഹി: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയ ശേഷം സംയുക്തപ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ പങ്കാളികളാകാന്‍ സൗദിയെ ക്ഷണിക്കുകയാണ്. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രതികരിച്ചു. ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.


