ശ്രീനഗര്‍: ഭീകരര്‍ക്ക് അന്ത്യശാസനവുമായി സൈന്യം. കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക. ഇതാണ് സൈന്യം ഭീകരര്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. ഇത് അവസാന മുന്നറിയിപ്പായിരിക്കുമെന്നും സൈനിക മേധാവികള്‍ സംയുക്തമായി ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക് സൈന്യമാണെന്നും സൈനിക മേധാവികള്‍ പറഞ്ഞു.

പാകിസ്താന്റെ പുത്രനാണ് ജെയിഷെ മുഹമ്മദ്. കശ്മീരിലെ ജെയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കി. ഇനി കശ്മീരില്‍ തോക്കെടുക്കാന്‍ ആരെയും അനുവദിക്കില്ല. കശ്മീര്‍ താഴ്വരയില് നിന്നും ഭീകരരെ തുടച്ചുനീക്കുമെന്നും സൈനിക മേധാവികള്‍ വ്യക്തമാക്കി.

കശ്മീരില്‍ അമ്മമാര്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. കശ്മീരിലെ അമ്മമാര്‍ സ്വന്തം മക്കളെ ഭീകരരടുത്തേക്ക് പറഞ്ഞുവിടാതിരിക്കാന്‍ ഇനി മുതല്‍ ശ്രദ്ധിക്കണം. ഇനി അഥവാ ഭീകരര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കില്‍ കീഴടങ്ങണം. അല്ലാതെ തോക്കെടുക്കാനാണ് തീരുമാനമെങ്കില്‍ കൊല്ലുക തന്നെ ചെയ്യുമെന്നും സൈനികമേധാവി കെ ജെ എസ് ദിലോന്‍ വ്യക്തമാക്കി.
രാജ്യത്തോടായി പ്രഖ്യാപിക്കുന്നു, എന്ന് അഭിസംബോധന ചെയ്താണ് സൈനിക മേധാവി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ഇത്തരത്തിലൊരു വലിയ ആക്രമണം കാശ്മീരിലുണ്ടാകുന്നത് ഏറെ നാള്‍ക്ക് ശേഷമാണ്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഇനി ഒരു തരത്തിലും രാജ്യത്ത് അനുവദിക്കില്ല.

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പത്തൊമ്പത് മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ എല്ലാവരേയും വധിച്ച് സൈന്യം ആദ്യ തിരിച്ചടി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.
നാട്ടുകാര്‍ കൊല്ലപ്പെടരുതെന്ന ആവശ്യം ഞങ്ങള്‍ക്കുണ്ട്. കശമീര്‍ താഴ്വവരയില്‍ ആരാണോ തോക്കെടുത്തത് അവരെ കൊല്ലുക തന്നെ ചെയ്യുമെന്നാണ് സൈന്യം നല്കുന്ന മുന്നറിയിപ്പ്.

