കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ കൂട്ടത്തോടെ നീക്കി എന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാജ ലോഗിൻ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. തെളിവായി കർണാടകയിലെ ആലന്ദ് മണ്ഡലത്തിൽനിന്ന് സാക്ഷികളെ ഹാജരാക്കി ആയിരുന്നു രാഹുലിന്റെ വാർത്താ സമ്മേളനം.
രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. രാഹുൽഗാന്ധിയുടെ വാക്കുകൾ എല്ലാവരും കേൾക്കാൻ തയ്യാറാകണം. അതിന്റെ ഗൗരവം ഉൾക്കൊള്ളണം. രാജ്യത്ത് നടക്കുന്നത് വോട്ട് കൊള്ളയാണെന്നും പ്രിയങ്ക ആരോപിച്ചു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കണം.ഭരണഘടന സംരക്ഷിക്കണം. അതിന് രാഹുൽ ഗാന്ധിയുടെ വാക്കുകൾ കേൾക്കണമെന്നും അവർ വ്യക്തമാക്കി.
ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്ന് പറഞ്ഞായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം തുടങ്ങിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. താൻ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.