ചെന്നൈ: ജീവനക്കാരന്റെ മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പോലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശരവണഭവന് ഹോട്ടല്‍ ശ്രുംഖലയുടെ ഉടമയായ പി രാജഗോപാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ജീവപര്യന്തം തടവുശിക്ഷ സുപ്രീം കോടതി ഇളവു ചെയ്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് വീല്‍ ചെയറില്‍ ഓക്സിജന്‍ മാസ്ക് ധരിച്ച് രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങിയത്.
ഹൃദ്രോഗബാധ അധികമായെന്നും പ്രമുഖ ആശുപത്രിയില്‍ ചികിത്സ ഒരുക്കണമെന്നും ആവശ്യപ്പെട്ട് രാജഗോപാലിന്റെ മകന് കോടതിയെ സമീപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോടതി ഇതിന് അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വെന്റിലെറ്റരിലായ രാജഗോപാലിനെ അവിടുന്ന് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.
തന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നും ചികിത്സയ്ക്കായി കീഴടങ്ങുന്നതിന് സമയപരിധി അനുവദിക്കണമെന്നും രാജഗോപാല്‍ കോടതിയോട് കേണപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ജയില്‍ വാസം ഒഴിവാക്കാനുള്ള രാജഗോപാലിന്റെ തന്ത്രമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.അതിനാല്‍ കോടതി രാജഗോപാലിന്റെ വാദം തള്ളുകയായിരുന്നു.
ഹോട്ടല്‍ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറിനെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ശരവണഭവന്റെ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജഗോപാലിന് രണ്ടു ഭാര്യമാരുള്ളതിനാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. ക്രിസ്ത്യാനിയായ പ്രിന്‍സിന്റെയും ജീവജ്യോതിയുടേയും പ്രണയ വിവാഹമായിരുന്നു പക്ഷേ, ഇവരെ വെറുതെ വിടാന്‍ രാജഗോപാല്‍ തയ്യാറായിരുന്നില്ല.
വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തര ഭീഷണിയെ തുടര്‍ന്ന് 2001ല്‍ ഇവര്‍ പൊലീസില്‍ പരാതി നല്കി..2001 ഒക്ടോബറില്‍ ദമ്പതികളെ രാജഗോപാലിന്റെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി. വഴിയില്‍ വച്ച് പ്രിന്‍സിനെ കൊലപ്പെടുത്തി.ശേഷം ശാന്തകുമാറിന്റെ മൃതദേഹം കൊടൈക്കനാലിലെ പെരുമാള്‍ മലയിലെ വനത്തിനുള്ളില്‍ മറവുചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ എല്ലാ ‘ഐശ്വര്യ’ങ്ങളും ഉണ്ടാകും എന്ന് ജോത്സ്യപ്രവചനമാണ് രാജഗോപാലിനെ കൊലയാളിയാക്കിയത്. രാജഗോപാലിനെതിരെ 18 വര്‍ഷമാണ് ജീവജ്യോതി നിയമയുദ്ധം നടത്തിയത്.


