ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസില്‍ ട്വിറ്റര്‍ സ്വീകരിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടികളെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ ‘manipulated’ ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വിഷയം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ആകണം ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ എന്നും കേന്ദ്രസര്‍ക്കാര്‍ ഓര്‍മിപ്പിച്ചു.
നേരത്തെ ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡി മനീഷ് മഹേശ്വരിയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തില്‍ രാജ്യത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രതിച്ഛായ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ആസൂത്രിമായി പ്രവര്‍ത്തിച്ചുവെന്നും ഇതിനായി ടൂള്‍ കിറ്റ് തയാറാക്കിയെന്നുമുള്ള ആരോപണത്തിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.
നേരത്തെ ട്വിറ്ററില്‍ ടൂള്‍ കിറ്റ് പുറത്തു വിട്ടായിരുന്നു വക്താവ് സംപീത് പാത്ര ഉള്‍പ്പെടെയുള്ളവര്‍ ആരോപണമുന്നയിച്ചത്. എന്നാല്‍ ഇത് കൃത്രിമമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് മന്ത്രിമാരുള്‍പ്പെടെ ടൂള്‍ കിറ്റ് പ്രചരിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസ് നല്കി. പിന്നാലെ ട്വീറ്റുകളിലെ ടൂള്‍ കിറ്റ് കൃത്രിമമാണെന്ന് ട്വിറ്ററും ലേബല്‍ ചെയ്തു. ഇതിലാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തത്.


