അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിച്ചു. ദിയുവിനും അഹമ്മദാബാദിനും ഇടയില്‍ സൗരാഷ്ട്രയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് കരയില്‍ കയറിയത്. രാത്രി 9 മണിയോടെ തീരം തൊട്ട ടൗട്ടേ ഗുജറാത്തിലും മഹാരാഷ്ട്രയിലും ആകമാനം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു.
അതീവ തീവ്രതയുള്ള ചുഴലിക്കാറ്റായിരുന്ന ടൗട്ടേ കരയില്‍ പ്രവേശിച്ചതോടെ സാധാരണ ചുഴലിക്കാറ്റായിരുന്നു. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇത് വീണ്ടും ദുര്‍ബലമാകുന്ന ലക്ഷണങ്ങളാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
ഗുജറാത്തിലെ അഞ്ചു ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയില്‍ അതി തീവ്ര മഴ തുടരുകയാണ്. ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിലെ 17 ജില്ലകളില്‍ നിന്നും രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ആറ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ പ്രവര്‍ത്തനം രാത്രി 10 മണിയോടെ പുനരാരംഭിച്ചു. മുംബൈ തീരത്ത് 2 ബാര്‍ജുകളിലായി കുടുങ്ങിക്കിടക്കുന്ന 410 പേരില്‍, 60 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.


