രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതാം ദിവസം വധശിക്ഷ വിധിച്ച് കോടതി. രാജ്കോട്ട് പ്രത്യേക കോടതിയാണ് പ്രതി റെംസിങ് ദുദ്വയ്ക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കോടതി നിരീക്ഷിച്ചു.
ഡിസംബർ നാലിനാണ് സംഭവം. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇരു ചക്ര വാഹനത്തിലെത്തി പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി അടിയന്തര ശസ്ത്രക്രിയയ്ക്കും നീണ്ട ചികിത്സയ്ക്കും ശേഷമാണ് അപകടനില തരണം ചെയ്തത്. നാല് ദിവസത്തിന് ശേഷം ഡിസംബർ എട്ടിനാണ് പ്രതിയെ പിടികൂടിയത്. 11 ദിവസം കൊണ്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 40 ദിവസം കൊണ്ടാണ് പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്.
കേസിന്റെ ഗൗരവം പരിഗണിച്ച് പ്രതിക്ക് യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇരയായ പെൺകുട്ടിക്ക് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ എഎസ്പി സിമ്രാൻ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും അതിവേഗം വിചാരണ പൂർത്തിയാക്കിയ പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു.


