ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. 
നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുള്ളത്. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്.എം.എസ് വഴി അപേക്ഷിക്കണം. അപ്പോള്‍ ഒരു യുണീക്ക് പോര്‍ട്ടിങ് കോഡ് നിര്‍മ്മിക്കപ്പെടും. ഈ കോഡ് ഉപയോഗിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നെറ്റ് വര്‍ക്കിലേക്കാണോ മാറാന്‍ ആഗ്രഹിക്കുന്നത്, ആ സേവനദാതാവിന് അപേക്ഷ നല്‍കണം.അപ്പോള്‍ പുതിയ ഓപ്പറേറ്റര്‍ പഴയ ഓപ്പറേറ്ററില്‍ നിന്നും നമ്പര്‍ മാറ്റുന്നതിനുള്ള അനുമതി നേടുകയും അക്കാര്യം എംഎന്‍പി സേവനദാതാവിനെ അറിയിക്കുന്നു. പഴയ ഓപ്പറേറ്റര്‍ പ്രസ്തുത നമ്പറിലേക്കുള്ള സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ ആ വിവരം എംഎന്‍പി സേവന ദാതാവിനെ അറിയിക്കുന്നു. ശേഷം പുതിയ ടെലികോം സേവനദാതാവിന് ആ നമ്പറില്‍ അവകാശം സ്ഥാപിക്കാനും ആവശ്യമായ സേവനങ്ങള്‍ നല്‍കിത്തുടങ്ങാനും സാധിക്കും. ഈ നടപടികള്‍ക്ക് ശേഷമേ നിങ്ങള്‍ക്ക് ലഭിച്ച പുതിയ സിംകാര്‍ഡ് ആക്റ്റിവേറ്റ് ആവുകയുള്ളൂ.

