ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കമല്‍നാഥ് കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളി. ഉച്ചകഴിഞ്ഞ് ഭോപാലില്‍ ജംബോരി മൈതാനത്തുനടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലില്‍ കമല്‍നാഥ് ഒപ്പിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാകുന്നത്.
രാജസ്ഥാന് മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന് പൈലറ്റും രാവിലെ സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും പങ്കെടുത്തില്ല. പങ്കെടുക്കില്ലെന്ന് ഇരുവരും നേരത്തേ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് എന്നിവര്‍ പങ്കെടുത്തു.
മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയും ചടങ്ങിനെത്തിയിരുന്നു. അസൗകര്യങ്ങളുള്ളതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ദിനേഷ് ത്രിവേദി എംപിയെയാണു അയച്ചത്.

