മണിപ്പൂര്‍ : മണിപ്പുരില്‍ രണ്ട് ആദിവാസി സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെ നിയമലംഘനത്തിന്റെ പേരിലുള്ള റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.
കാങ്പോക്പി ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്. മെയ് മാസം നടന്ന സംഭവത്തിന്റെ വീഡിയോ ജൂലൈയോടെയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ രാജ്യവ്യാപകമായി വന്‍പ്രതിഷേധം ഉടലെടുത്തു. ഇതോടെയാണ് സുപ്രീം കോടതി സിബിഐക്ക് കേസ് കൈമാറിയത്.
കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി മൂന്നു മാസം പിന്നിടുമ്പോഴാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സിബിഐ അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
2023 മേയ് നാലിന് മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ 900-1000 പേരടങ്ങുന്ന ഒരു സംഘം അത്യാധുനിക ആയുധങ്ങളുമായി ബി ഫൈനോം ഗ്രാമത്തില്‍ കടന്നുകയറി വീടുകള്‍ കത്തിക്കുകയും വസ്തുവകകള്‍ കൊള്ളയടിക്കുകയും ഗ്രാമവാസികളെ ആക്രമിക്കുകയും കൊലപാതകങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. നഗ്നരായി പരേഡ് നടത്തിയ സ്ത്രീകളില്‍ ഒരാളുടെ രണ്ട് കുടുംബാംഗങ്ങളും സംഭവത്തില്‍ കൊല്ലപ്പെട്ടുവെന്നും ആരോപണമുണ്ട്.