അഫ്ഗാനിസ്ഥാനില്‍ നിന്ന് അടിയന്തര ഒഴിപ്പിക്കല്‍ തുടര്‍ന്ന് ഇന്ത്യ. പ്രത്യേക വ്യോമസേന വിമാനങ്ങളിലാണ് എംബസി ഉദ്യോഗസ്ഥരെയടക്കം കൊണ്ടു വരുന്നത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാബൂള്‍ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സാധാരണ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ പ്രത്യേക വ്യോമസേന വിമാനങ്ങള്‍ ഉപയോഗിച്ചാണ് എംബസി ഉദ്യോഗസ്ഥരെയും ഇന്ത്യക്കാരെയും രാജ്യത്തേക്ക് വരാനാഗ്രഹിക്കുന്നവരേയും കൊണ്ടുവരാനാകുന്നത്. 48 മണിക്കൂറിനകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. 500ലധികം പേര് ഇന്ത്യയിലേക്ക് വരാനായി തയ്യാറായിനില്പ്പുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് വിഭാഗങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങളും ഒരുക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഷ്റഫ് ഘനി സര്‍ക്കാരുമായുള്ള ബന്ധം കണക്കിലെടുത്ത് വരാനാഗ്രഹിക്കുന്നവരെ എല്ലാം സ്വീകരിക്കാല്‍ തയ്യാറായാല്‍ സര്‍ക്കാര്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടിവരും.
രക്തരൂക്ഷിതമല്ലാതെ അനായാസേന അഫ്ഗാനിസ്ഥാന് കീഴടക്കിയ താലിബാന്റെ കാര്യത്തില്‍ എന്ത് നിലപാടെടുക്കണമെന്നതിലും സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ട്. യുഎസ് സുരക്ഷ കൗണ്സിന് അധ്യക്ഷ പദവിയിലി രിക്കുന്നതിനാല് അഫ്ഗാന് വിഷയത്തില്‍ യോഗം വിളിക്കണോ ഉപരോധം ഏര്‍പ്പെടുത്തണോ തുടങ്ങിയ കാര്യങ്ങളിലും ഇന്ത്യയുടെ നിലപാട് നിര്‍ണായകമാണ്.


