ലക്നൗ: അയോദ്ധ്യയില്‍ 212.5 കോടി രൂപയുടെ പദ്ധതികളുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പുണ്യഭുമിയുടെ സര്വ്വതോന്മുഖമായ വികസം ലക്ഷ്യമിട്ടുള്ള 44 പദ്ധതികളാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. കൂടാതെ 1763.2 കോടി രൂപയുടെ 38 പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 2024 ജനുവരിയില്‍ നടക്കുന്ന അതിവിശിഷ്ടമായ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്.
ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്യത്വത്തില്‍ നടക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ദീപാവലി വേളയില്‍, പുണ്യഭുമിയില്‍ 21 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് ദീപോത്സവം സംഘടിപ്പിക്കും. ധര്‍മ്മ നഗരിയുടെ വികസനത്തിന് യുപി സര്‍ക്കാര്‍ പ്രഥമ പരിഗണയാണ് നല്‍കിയിട്ടുള്ളത്. അയോദ്ധ്യയില്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രി അയോദ്ധ്യയില്‍ എത്തിയത്. സന്യാസിമാരുമായും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി.