ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാനഘട്ടം പ്രഖ്യാപിച്ചു. ധനമന്ത്രി ഇന്ന് നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്.
1. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നിൽ നിന്ന് 5 ശതമാനമായി ഉയർത്തി. കടമെടുപ്പ് പരിധി ഉയർത്തിയിരിക്കുന്നത് നാലു മേഖലകളിൽ കൂടുതൽ തുക ചെലവാക്കിയെന്ന് ഉറപ്പു വരുത്താനാണ്- കാര്യക്ഷമമായ വൈദ്യുതി വിതരണം, ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ നടപ്പാക്കൽ, വിവിധ സംരംഭങ്ങൾ എളുപ്പത്തിൽ രാജ്യത്ത് ആരംഭിക്കാൻ, നഗര തദ്ദേശഭരണ കേന്ദ്രങ്ങളുടെ വരുമാനം.
2. പാപ്പര്‍ പരിധി ഒരു കോടി രൂപയായി ഉയര്‍ത്തി.
3. വായ്പ തിരിച്ചടവിലെ വീഴ്ചയ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് നടപടിയുണ്ടാകില്ല.
4. കമ്പനികളുടെ സാങ്കേതിക പിഴവുകള്‍ ഇനി കുറ്റകരമാകില്ല.
5. പൊതുമേഖലയില്‍ സമ്പൂര്‍ണ അഴിച്ചുപണി. ഒരു മേഖലയില്‍ ഇനി നാല് പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രം.
6. തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കും.
7. പൊതുമേഖല പൂര്‍ണമായും സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുക്കും.
8. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് പ്രത്യേകം ടിവി ചാനലുകൾ ലഭ്യമാക്കും. പിഎം ഇ–വിദ്യ പദ്ധതി പ്രകാരം ഒട്ടേറെ പദ്ധതികൾ നടപ്പാക്കും. ഒരു രാജ്യം ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യം സ്കൂൾ വിദ്യാഭ്യാസത്തിൽ നടപ്പാക്കും. കമ്യൂണിറ്റി റേഡിയോകളും പോഡ്കാസ്റ്റുകളും ഉൾപ്പെടെ സാങ്കേതികത പഠനത്തിൽ ഉപയോഗപ്പെടുത്തും. 100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങും. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഇ ലേണിങ് ലഭ്യമാകും. ഇ-പാഠശാലയില്‍ 200 പുസ്തകങ്ങള്‍ കൂടി ചേര്‍ത്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും കാഴ്ചാപരവും കേൾവിപരമായും. വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും പ്രത്യേകം ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തും.
9. ആരോഗ്യമേഖലയിൽ കേന്ദ്രം കൂടുതൽ തുക വകയിരുത്തും. രാജ്യത്തെ എല്ലാ ജില്ലകളിലും പകർച്ചവ്യാധി പരിചരണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. എല്ലാ ബ്ലോക്കുകളിലും പബ്ലിക് ഹെൽത്ത് ലാബുകൾ ഉറപ്പാക്കും.
10. തൊഴിലുറപ്പ് പദ്ധതിയിലേക്ക് 40,000 കോടി രൂപ അധികമായി ലഭ്യമാക്കും.
കൂടാതെ പല മേഖലകളില്‍ ചെലവഴിച്ച തുകയുടെ കണക്കുകളും വ്യക്തമാക്കി. 8.19 കോടി കർഷകരിലേക്ക് 2,000 രൂപ വീതം എത്തിച്ചു. ആകെ ചെലവിട്ടത് 16,394 കോടി രൂപ. നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പദ്ധതി പ്രകാരം വയോജനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ 1,405 കോടിയും രണ്ടാം ഘട്ടത്തിൽ 1,402 കോടിയും ലഭ്യമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ അക്കൗണ്ടിലൂടെ 20 കോടി പേർക്കാണ് സഹായമെത്തിച്ചത്. ഇതുവഴി നൽകിയത് 10,025 കോടി രൂപ ആയിരുന്നെന്നും ധനമന്ത്രി വ്യക്തമാക്കി.


