അഹമ്മദാബാദ്: ”ബൂത്തുകളില്‍ പ്രധാനമന്ത്രി മോദി ഇക്കുറി ക്യാമറകള്‍ വച്ചിട്ടുണ്ട്. അതുകൊണ്ട് ആര് ബിജെപിക്ക് വോട്ട് ചെയ്തു, ആര് കോണ്‍ഗ്രസിനു വോട്ട് ചെയ്തു എന്നു കാണാന്‍ കഴിയും. ആധാര്‍ കാര്‍ഡടക്കം എല്ലാ രേഖകളിലും ഇപ്പോള്‍ നിങ്ങളുടെ പടം പതിച്ചിട്ടുണ്ട്. നിങ്ങളുടെ ബൂത്തില്‍ വോട്ടുകള്‍ കുറവാണെങ്കില്‍, ആര് ബിജെപിക്കു വോട്ട് ചെയ്തില്ല എന്നു മോദിക്ക് അറിയാന്‍ കഴിയും.

ബിജെപിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് പണിയൊന്നും കിട്ടാന്‍ പോകുന്നില്ല” – ഗുജറാത്തില്‍ ബിജെപി എംഎല്‍എ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ വാചകങ്ങളാണിത്. ഫത്തേപ്പുര എംഎല്‍എ രമേശ് കട്ടാരയുടേതാണ് ഭീഷണി.
ദാഹോദ് മണ്ഡലത്തില്‍ ഗോത്രവികസന മന്ത്രി ജസ്വന്ത് സിങ് ഭാഭോറിന്റെ പ്രചാരണത്തിനിടെ, ബിജെപിക്കു വോട്ട് ചെയ്യാത്തവര്‍ക്കു പണിയൊന്നും കിട്ടില്ലെന്നും എംഎല്‍എയുടെ മുന്നറിയിപ്പുണ്ടായി.
കട്ടാരയുടെ പ്രസംഗമടങ്ങുന്ന വിഡിയോ വൈറലായതിനെ തുടര്‍ന്ന് ഉടന്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരി കൂടിയായ ദാഹോദ് കലക്ടര്‍ നോട്ടിസ് നല്കി. എന്നാല്‍ പ്രസംഗം വളച്ചൊടിച്ചതാണെന്നാണു കട്ടാരയുടെ പ്രതികരണം.


