ന്യൂഡൽഹി: രാജ്യത്ത് നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയ ശേഷം ആദ്യ അനുമതി നല്കിയ ഹരീഷ് റാണയ്ക്ക് കണ്ണീരോടെ വിട നല്കി കുടുംബവും കൂട്ടുകാരും. വര്‍ഷങ്ങളോളം അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ഹരീഷിനെ ജീവന് രക്ഷാ ഉപാധികള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന നടപടികള്‍ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. പുറപ്പെടുന്നതിന് മുന്നേ ഗാന്ധിയാബാദിലെ വീട്ടില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഹരീഷ് റാണ 2013-ലാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അന്നുമുതല്‍ നീണ്ട 13 വര്‍ഷം കോമയിലായിരുന്നു. ശ്വാസമെടുക്കുന്നതിനായി ട്രാക്കിയോസ്റ്റമി ട്യൂബും ഭക്ഷണത്തിനായി ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും ഉപയോഗിച്ചായിരുന്നു ദിവസങ്ങള്‍ തള്ളിനീക്കിയത്.


