ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പു തീയതികള്‍ ഇന്നു പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് വിജ്ഞാൻ ഭവനിലെ പ്ലീനറി ഹാളില്‍ വിളിച്ചുചേർത്തിരിക്കുന്ന പത്രസമ്മേളനത്തിലാണ് രാജ്യം കാത്തിരുന്ന അറിയിപ്പ് തെരഞ്ഞെടുപ്പു കമ്മീഷൻ നടത്തുക.
പ്രഖ്യാപനത്തിനു പിന്നാലെ ഇന്നു വൈകുന്നേരം മുതല്‍ രാജ്യത്താകെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും.
വോട്ടെടുപ്പ്, വോട്ടണ്ണല്‍ തീയതികളടക്കം പൊതുതെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാറാണു പ്രഖ്യാപിക്കുക. പുതുതായി നിയമിതരായ കമ്മീഷണർമാർ ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവും പത്രസമ്മേളനത്തില്‍ പങ്കെടുക്കും. ഇരുവരും ഇന്നലെ രാവിലെ ചുമതലയേറ്റിരുന്നു.
പിന്നാലെ രാജീവ് കുമാറിന്റെ അധ്യക്ഷതയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ യോഗം ചേർന്നു പോളിംഗ് ഘട്ടങ്ങളും തീയതികളും സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്കി. തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്നലെ തള്ളിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുള്ള അറിയിപ്പു പുറത്തിറക്കിയത്.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമന സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയതിനെയാണു ചോദ്യം ചെയ്തത്. എന്നാല്‍, പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരേ സാധാരണ ഇടക്കാല ഉത്തരവ് നല്കുന്ന പതിവില്ലെന്നു ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുടർച്ചയായ പത്തു ദിവസം ഉദ്ഘാടനങ്ങളും തറക്കല്ലിടലും നടത്താൻ അവസരമൊരുക്കാൻ തെരഞ്ഞെടുപ്പു പ്രഖ്യാപനം വൈകിച്ചുവെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷണർ അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിയും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞതവണ 2019ല്‍ മാർച്ച് പത്തിനായിരുന്നു തെരഞ്ഞെടുപ്പു പ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴു ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. 2014ല്‍ ഏപ്രില്‍ ഏഴു മുതല്‍ മേയ് 12 വരെ ഒന്‍പതു ഘട്ടങ്ങളിലായിരുന്നു പോളിംഗ്.


