ബെംഗളൂരു: കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസില്‍ മലയാളിയുവാവും യുവതിയും ബെംഗളൂരുവില്‍ അറസ്റ്റിലായി. തൃശ്ശൂര്‍ സ്വദേശികളായ സുബീഷ് (33), ശില്പ ബാബു (26) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ച് വിവിധ ബിസിനസുകളിലേക്ക് വന്‍തുക നിക്ഷേപം സമാഹരിച്ച് കബളിപ്പിച്ചെന്നാണ് കേസ്. 50 കോടിയോളംരൂപ നഷ്ടപ്പെട്ടതായുള്ള പരാതികളിലാണ് അറസ്റ്റ്.
കഴിഞ്ഞദിവസം കൊല്ലം കരുനാഗപ്പള്ളിയില്‍നിന്ന് കേരള പോലീസിന്റെ പിടിയിലായ ഇവരെ കര്‍ണാടക പോലീസ് ബെംഗളൂരു എച്ച്.എ.എല്‍. പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. രാഷ്ട്രീയ ലോക് ജനശക്തി (ആര്.എല്‍.ജെ.പി.) കര്‍ണാടകസംസ്ഥാന അധ്യക്ഷയായിരുന്ന ശില്പയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു.
മത്സ്യവ്യാപാരത്തിലും വിദേശത്തുനിന്ന് മദ്യം ഇറക്കുമതിചെയ്യാന്‍ ഡീലര്‍ഷിപ്പ് വാഗ്ദാനംചെയ്തുമായിരുന്നു നിക്ഷേപം സ്വീകരിച്ചത്. രാഷ്ട്രീയനേതാക്കളുമായും കേന്ദ്രസര്‍ക്കാരുമായും അടുത്തബന്ധമുണ്ടെന്ന് പറഞ്ഞാണ് ആളുകളെ സമീപിച്ചിരുന്നത്.
കര്‍ണാടകത്തില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ പോലീസ് അന്വേഷിക്കവെയാണ് കഴിഞ്ഞ ദിവസം കേരള പോലീസിന്റെ പിടിയിലായത്. കര്‍ണാടകം, തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നെല്ലാം തട്ടപ്പിനിരയായ ആളുകള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.