ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകും. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന് പൈലറ്റ് ആണ് ഉപമുഖ്യമന്ത്രി. അതേസമയം രാജസ്ഥാന് പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന് പൈലറ്റ് തുടരും.
രാജസ്ഥാനില്‍ അധികാരം ഉറപ്പിച്ചതിന് പിന്നാലെ ഗെഹ്ലോട്ടും പൈലറ്റും മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലികള്‍ സജീവമാക്കിയിരുന്നു. കോണ്‍ഗ്രസിന് രാജസ്ഥാനില്‍ മുന്‍തൂക്കമെന്ന് ഫലസൂചന വന്നു തുടങ്ങിയപ്പോള്‍ മുതല്‍ പൈലറ്റ് അനുകൂലികള്‍ അദ്ദേഹത്തിനായി തെരുവുകളില്‍ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. അടുത്ത മുഖ്യമന്ത്രി പൈലറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അനുകൂലികള്‍ ആഹ്ലാദ പ്രകടനം നടത്തിയത്.
എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ജനകീയ മുഖവും മുതിര്‍ന്ന നേതാവുമായി ഗെഹ്ലോട്ടിനെ അങ്ങനെ എഴുതിത്തള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിനായില്ല. നേരിയ ഭൂരിപക്ഷത്തില്‍ ബിജെപി വിരുദ്ധരെ ഒപ്പം കൂട്ടി സര്‍ക്കാര്‍ കൊണ്ടു നടക്കാന്‍ പ്രാപ്തനാണെന്ന് നേരത്തെ ഗെലോട്ടും തെളിയിച്ചിട്ടുണ്ട്.

