പട്ന: ബിഹാർ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ലീഡ് 190 കടന്ന് എൻഡിഎ. മഹാസഖ്യം അമ്പതിൽ താഴെയുള്ള സീറ്റിലേക്ക് ഒതുങ്ങി. വോട്ടെണ്ണലിൻ്റെ ആദ്യഘട്ടം മുതൽ എൻഡിഎ മുന്നിലായിരുന്നു. രാഘവ്പൂരിൽ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ലഖിസരായ് മണ്ഡലത്തിൽ പിന്നിലാണ്. എക്സിറ്റ് പോൾ ഫലങ്ങളിലെ മുൻതൂക്കം വേട്ടെണ്ണി കഴിഞ്ഞാലും ഉണ്ടാവും എന്ന പ്രതീക്ഷ ആദ്യമുതൽ എൻഡിഎ പങ്കുവെച്ചിരുന്നു.
നിതീഷ് കുമാറിന്റെ ജെഡിയു തിരിച്ചുവരവിന്റെ പാതയിലാണ്. 2020ല്‍ ജെഡിയു നേടിയത് 43 സീറ്റുകളിലായിരുന്നെങ്കില്‍ 2025 ആകുമ്പോഴേക്കും അവര്‍ 76 സീറ്റുകളില്‍ വന്‍ മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് ഇതുവരെയുള്ള ഫലസൂചനകള്‍ നല്‍കുന്നത്. ബിജെപിയേയും പിന്നിലാക്കിക്കൊണ്ടാണ് ജെഡിയുവിന്റെ ഈ മുന്നേറ്റം. 70 സീറ്റുകളിലാണ് ബിജെപി നിലവില്‍ ലീഡ് ചെയ്യുന്നത്. അസസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തകരുകയാണ്. വോട്ടിന്റെ ഗതിയെ നിര്‍ണായകമായി സ്വാധീനിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ച 28 സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്.
എന്നാൽ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയാണ് മഹസഖ്യം നേതാക്കൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, നിതീഷിനെ കൈവിടാൻ ബിഹാർ ജനത ഒരുക്കമല്ലെന്ന് തെളിയിക്കുന്നതാണ് ഫലങ്ങൾ. പുറത്തുവരുന്ന ഫല സൂചനകൾ പ്രകാരം ജെഡിയുവും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ഇരുപാർട്ടികൾക്കും പുറകിലാണ് ആർജെഡി. കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആർജെഡിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.


