ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് കുറ്റക്കാരനെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച വിശദമായ വാദം ഈ മാസം 20ന് നടക്കും.
പ്രശാന്ത് ഭൂഷണ് ചെയ്ത ട്വീറ്റുകളാണ് കേസിന് ഇടയാക്കിയത്. സംഭവത്തില്‍ പ്രശാന്ത് ഭൂഷണ് ഖേദം പ്രകടിപ്പിച്ചെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല. പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രശാന്ത് ഭൂഷണിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കോടതിയലക്ഷ്യമെന്നാണ് സുപ്രീം കോടതിയുടെ വിധി. പ്രശാന്ത് ഭൂഷണ് ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്നും കോടതി നിരീക്ഷിച്ചു.
മുന്‍ ചീഫ് ജസ്റ്റിസുമാരെ ലക്ഷ്യംവച്ച് ജൂണ്‍ 27നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആദ്യ ട്വീറ്റ്. ‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറ് വര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര് തിരിഞ്ഞുനോക്കിയാല്‍ അതില്‍ സുപ്രിംകോടതിയുടെ, പ്രത്യേകിച്ചും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു അത്. ഇതിന് പിന്നാലെ ജൂണ്‍ 29 ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്കെതിരേയും ട്വീറ്റ് ചെയ്തു.
ബോബ്ഡെ ആഡംബര ബൈക്കില്‍ ഇരുന്ന ഒരു ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ആ ട്വീറ്റ്.’ജനങ്ങള്‍ക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രിംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.
രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പ്രശാന്ത് ഭൂഷണ് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമായി കണക്കാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കൈയ്യേറ്റമാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ വാദം.


