പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടം കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടിയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പ്രസ്താവിച്ചു. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കുമെന്നും മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയെന്നും മന്ത്രി അറിയിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25,000 കോടി രൂപ വിതരണം ചെയ്തു.
മൂന്ന് കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ ചെലവിട്ടുവെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 50 ശതമാനം പേര് വരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തു. മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതുവരെ 10,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി വേതനം നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.
സമസ്ത തൊഴില്‍ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും, തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും, അതിഥി തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍ പുറമേ അഞ്ച് കിലോ ധാന്യവും ഒരുകിലോ പരിപ്പും നല്‍കും. തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കും, ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും, നാടുകളിലേക്ക് തിരികെ പോകുന്ന തൊഴിലാളികള്‍ക്ക് അവിടെ തന്നെ തൊഴില്‍ ഉറപ്പാക്കും, രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകുന്ന വിധത്തില്‍ പൂര്‍ണമായും റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പാക്കും എന്നിവയൊക്കെയാണ് കേന്ദ്ര വാഗ്ദാനങ്ങള്‍.


