മംഗലാപുരം ബോട്ടപകടത്തില്‍ കാണാതായ ആളുകള്‍ക്കുള്ള തെരച്ചില്‍ പ്രതിസന്ധിയില്‍. അപകടത്തില്‍ പെട്ട ബോട്ട് പൂര്‍ണമായും കടലില്‍ മുങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കാണാതായ 9 മത്സ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനില്‍ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനം നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് അപകട സ്ഥലത്ത് തുടരുകയാണ്.
ഉണര്‍ന്നിരുന്ന രണ്ട് പേര് മാത്രമാണ് രക്ഷപ്പെട്ടത്. കപ്പല്‍ വന്ന് ഇടിച്ചപ്പോള്‍ ഇവര്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബാക്കിയുള്ളവര്‍ ബോട്ടിന്റെ ക്യാബിനില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.
കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര് മരണപ്പെട്ടിരുന്നു. മംഗലാപുരത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെ പുറംകടലിലാണ് അപകടമുണ്ടായത്.
ബോട്ടിലുണ്ടായിരുന്നത് എഴ് തമിഴ്നാട് സ്വദേശികളും ഏഴ് മറ്റ് സംസ്ഥാനക്കാരുമാണ്. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി.
ഞായറാഴ്ച രാത്രി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടത്തില്‍ പെട്ടത്. കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് കപ്പലുകളും ഒരു വിമാനവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. സിംഗപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് ചരക്കുമായി പോയ എപിഎല്‍ ഹാവ്റെ കപ്പലാണ് അപകടമുണ്ടാക്കിയത്. ഈ കപ്പല്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്.