ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിൽ ചേര്‍ന്നു. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കണ്ണൻ ഗോപിനാഥൻ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൽ നിന്ന് അംഗത്വം സ്വീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പറ്റിയ ഇടമാണ് കോണ്‍ഗ്രസ് എന്നാണ് കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക് ചേരുന്നതിന് മുമ്പായി പ്രതികരിച്ചത്.
തെറ്റുകള്‍ക്കെതിരെയായിരുന്നു തന്റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു. നോട്ടുനിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരോ നയങ്ങള്‍ക്കെതിരെയും അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കണ്ണൻ ഗോപിനാഥനെതിരെ കുറ്റപത്രം നൽകിയിരുന്നു. കേന്ദ്രത്തിന്റെ പ്രതിച്ഛായ കളയാൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു കുറ്റപത്രം.