അഹമ്മദാബാദ്: അറബിക്കടലിൽ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഇന്ന് ഉച്ചതിരിഞ്ഞ് ഗുജറാത്തിൽ എത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന്, കച്ച്, സൗരാഷ്ട്ര മേഖലയിൽ നിന്ന് 3 ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.
അതിതീവ്ര ചുഴലിയായി ശക്തിപ്രാപിച്ച ‘വായു’ വെരാവലിന് 280 കിലോമീറ്റർ തെക്കു വരെ എത്തി. നിലവിൽ മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ്, കൂടുതൽ ശക്തിപ്രാപിച്ച് ഇന്ന് ഉച്ചയ്ക്കു ശേഷം 170 കിലോമീറ്റർ വേഗത്തിൽ കച്ച്, പോർബന്തർ പ്രദേശത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഗോവ തീരപ്രദേശങ്ങളിലും കാറ്റ് ശക്തമായിരിക്കും.
ഗുജറാത്തിലെ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും പ്രവർത്തനം നിർത്തിവച്ചു. തീരദേശത്തുകൂടി പോകേണ്ട ട്രെയിനുകൾ റദ്ദാക്കി. റോഡ് ഗതാഗതം വിലക്കിയിട്ടുണ്ട്.
കേരള തീരത്ത് ഇന്നും ശക്തമായ കടലേറ്റത്തിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതു വിലക്കിയിട്ടുണ്ട്.
ഇന്നു മലപ്പുറം ജില്ലയിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പരക്കെ മഴ പെയ്യാനിടയുണ്ട്.

