ഹൈദരാബാദ്: വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് തെലങ്കാന സംസ്ഥാനത്തിലെ മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. അദിലാബാദ്, ആസിഫാബാദ്, മഞ്ചേരിയൽ എന്നീ ജില്ലകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭയീന്‍സയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. നേരത്തെ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ ജില്ലാ പൊലീസ് മേധാവിയടക്കം 11 പേര്‍ക്ക് പരിക്കേറ്റിയിരുന്നു.
സൈലന്‍സര്‍ ഊരിവച്ച് ബൈക്ക് റേസ് നടത്തി ഒരു സംഘം ബഹളമുണ്ടാക്കിയത് ചിലര്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വലിയ മൂന്ന് ജില്ലകളെ ബാധിക്കുന്ന തരത്തിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. സംഘര്‍ഷത്തിനിടെ വഴിയില്‍ പാര്‍ക്ക് ചെയ്ത പല വാഹനങ്ങളും കത്തിക്കുകയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. രാത്രിയില്‍ ഉറങ്ങി കിടന്ന പലരും കല്ലേറും ബഹളവും കാരണം എഴുന്നേറ്റു നോക്കിയപ്പോള്‍ ആണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപുറപ്പെട്ട വിവരം അറിഞ്ഞത്.


