രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു. പക്ഷെ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് അല്ല മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ദൈനിക് ജാഗരൺ സംഘടിപ്പിച്ച ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തിൽ ‘നരേന്ദ്ര മോഹൻ സ്മാരക പ്രഭാഷണം’ നടത്തുന്നതിനിടെയാണ് ഷാ ഈ പരാമർശങ്ങൾ നടത്തിയത്.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെ പരാമർശിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി പറഞ്ഞു, ഈ രാജ്യങ്ങളിലെ ഹിന്ദു ജനസംഖ്യയിലുണ്ടായ കുറവ് മതപരിവർത്തനം മൂലമല്ല, അവരിൽ പലരും ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. മറുവശത്ത്, ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയിലെ വർദ്ധനവ് പ്രത്യുൽപാദന നിരക്ക് മൂലമല്ല, മറിച്ച് രാജ്യത്തേക്ക് മുസ്ലീം വ്യക്തികളുടെ വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.