ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദിപറഞ്ഞു മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണെന്ന് സിന്ധ്യ പറഞ്ഞു. രാജ്യത്തെ സേവിക്കാന്‍ ഇങ്ങനെ ഒരിടം (ബിജെപി) ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഇക്കാര്യത്തില്‍ ഞാന്‍ ആദ്യം നന്ദി പറയേണ്ടത്. അദ്ദേഹം നേടിയ പോലെ ഒരു ജനവിധി നേടാന്‍ മറ്റൊരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. ഒന്നല്ല, രണ്ടുവട്ടം അദ്ദേഹം വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചു- സിന്ധ്യ പറഞ്ഞു. പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിക്കു കഴിവുണ്ട്. അദ്ദേഹം ഭൂരിപക്ഷം നല്ല രീതിയില്‍ ഉപയോഗിക്കുന്നു. നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ മഹത്വം വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ ഭാവി അദ്ദേഹത്തിന്റെ കൈകളില്‍ സുരക്ഷിതമാണെന്നു താന്‍ കരുതുന്നെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

