ദില്ലി: മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ല് രാജ്യസഭയിലും പാസായി. നേരത്തെ ലോക്സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്.
അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടമമെന്ന പ്രമേയവും സ്വകാര്യ മേഖലയിലും സംവരണമേര്‍പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തെയും പിന്തുണച്ചെങ്കിലും, പ്രമേയങ്ങള്‍ തള്ളിയ ശേഷമുള്ള വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായി സിപിഎം വോട്ട് ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം തിങ്കളാഴ്ച വിളിച്ചുചേർത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനം പ്രഖ്യാപിച്ചത്.

