ബെംഗളൂരു: കര്‍ണാടകത്തില്‍ നാല് മാസം പൂര്‍ത്തിയായ ബി.ജെ.പി. സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 15 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു.ആദ്യ ഫല സൂചനകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമാണ്.
അനുകൂലമായ എക്സിറ്റ് പോള്‍ ഫലത്തിലാണ് ബി.ജെ.പി.യുടെ മുഴുവന്‍ പ്രതീക്ഷയും. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും അവകാശവാദം. വിവിധ എക്സിറ്റ് പോളുകള്‍ ബി.ജെ.പി.ക്ക് 13 സീറ്റുകള്‍വരെ ലഭിക്കുമെന്നാണ് പ്രവചിച്ചത്.
67.91 ശതമാനമായിരുന്നു പോളിങ്. കുറഞ്ഞത് ആറുസീറ്റില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഇത്തരമൊരു സാഹചര്യം വന്നാല്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ജെ.ഡി.എസിന്റെ പിന്തുണ തേടേണ്ടിവരും. അതിനാല്‍ ജെ.ഡി.എസിന്റെ നിലപാടാണ് നിര്‍ണായകം.


