ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ നടക്കും. ഈ കാലയളവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാനുള്ള സർക്കാർ നിർദേശം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതായി പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്ന് റിജിജു എക്സിൽ കുറിച്ചു.
മോദി സർക്കാരിന് ‘പാർലമെൻ്റോ ഫോബിയ’ എന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനം അസാധാരണമായി വൈകുകയും ചുരുക്കുകയും ചെയ്യുന്നു എന്ന് കോൺഗ്രസും പ്രതികരിച്ചു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കുമെന്നാണ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷം നവംബർ 25 മുതൽ ഡിസംബർ 20 വരെയാണ് സെഷൻ നടന്നത്.പാർലമെന്റിനെ അഭിമുഖീകരിക്കുന്നതിൽ ഭയം ബാധിച്ച ഗുരുതരമായ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും അനുഭവിക്കുന്നതായി തൃണമൂൽ കോൺഗ്രസ് രാജ്യസഭ എം.പി ഡെറിക് ഒബ്രിയൻ പരിഹസിച്ചു.ആഗസ്റ്റ് 21ന് അവസാനിച്ച, ഒരു മാസം നീണ്ടുനിന്ന വർഷകാല സമ്മേളനത്തിൽ 12 ബില്ലുകൾ ലോക്സഭയും 14 എണ്ണം രാജ്യസഭയും പാസാക്കി.


