ദില്ലി: രൂക്ഷ വിമർശനവുമായി ഉന്നാവിൽ പീഡനത്തിരയായ യുവതിയുടെ അച്ഛൻ. മകൾക്ക് നീതി ഉറപ്പാക്കാനായി പൊലീസ് ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആട്ടിയോടിക്കുകയായിരുന്നുവെന്നും യുവതിയുടെ അച്ഛൻ പറഞ്ഞു. പെൺകുട്ടിയെ ആക്രമിച്ച പ്രതികൾക്ക് ഹൈദരാബാദ് മോഡൽ ശിക്ഷ നടപ്പാക്കണമെന്നും യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു.
നാളെയാണ് പെൺകുട്ടിയുടെ സംസ്കാരം നടക്കുക. പത്ത് മണിയോടെ മൃതദേഹം യുവതിയുടെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ ബലാത്സംഗക്കേസ് വിചാരണ നടക്കുകയായിരുന്ന കോടതിയിലേക്ക് പോകവേയാണ് യുവതിക്കെതിരെ ആക്രമണമുണ്ടായത്. യുവതിയുടെ ഗ്രാമത്തിന് പുറത്ത് വച്ച് കേസിലെ പ്രതികൾ ഇവരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് അവരെ മർദ്ദിച്ച പ്രതികൾ, ദേഹത്ത് പല തവണ കുത്തുകയും ചെയ്തിരുന്നു. തീ കൊളുത്തിയതോടെ അലറിക്കരഞ്ഞ യുവതി ഓടിയത് അരക്കിലോമീറ്ററോളമാണ്.


