ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രാജ്യത്തിന് അപകടകരമാണെന്ന് ഡല്‍ഹി മുന്‍ വിദ്യാഭ്യാസ മന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന സിസോദിയ ജനങ്ങളെ അഭിസംബോധന ചെയ്താണ് കത്തെഴുതിയത്. സിസോദിയയുടെ കത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു.
‘
ഇന്ത്യയുടെ പുരോഗതിക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ഉണ്ടാകേണ്ടത് അനിവാര്യമാണ്. മോദിക്ക് ശാസ്ത്രം മനസിലാകുന്നില്ല. മോദിജിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മനസിലാകുന്നില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് 60,000 സ്കൂളുകളാണ് അടച്ചിട്ടിരിക്കുന്നതെന്ന്’ മനീഷ് സിസോദിയയുടെ കത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തിന്റെ വിശദാംശങ്ങള്‍ വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടതിന് കെജരിവാളിന് ഗുജറാത്ത് ഹൈക്കോടതി പിഴ ചുമത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സിസോദിയയുടെ കത്ത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്.


