മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ 100 കോടി മൂല്യമുള്ള ആഡംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇടിച്ചുനിരത്തുന്നു. അലിബാഗിലുള്ള അത്യാഡംബര ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കയ്യേറ്റ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് പടുത്തുയര്‍ത്ത ബംഗ്ലാവിന്റെ പൊളിച്ചുമാറ്റല്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അനധികൃത ബംഗ്ലാവെന്നാണ് ബോംബൈ ഹൈക്കോടതി രൂപാന എന്ന പേരില്‍ അറിയപ്പെടുന്ന ഈ ബംഗ്ലാവിനെ വിശേഷിപ്പിച്ചത്. പൊളിച്ചുമാറ്റലിന്റെ ഭാഗമായി വലിയ ചുമരുകള്‍ ഇതിനോടകം തന്നെ തകര്‍ത്തു കഴിഞ്ഞു. ബാക്കിയുള്ള തൂണുകള്‍ നാളെ ഡയനാമിറ്റ് വെച്ച് തകര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

നിരവ് മോദി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയതിന് ശേഷം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്ന ഓഴിവുകാല വസതി കൂടിയാണ് രൂപാന ബംഗ്ലാവ്. 33,000 ചതുരശ്ര അടിയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ബംഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാന്‍ നീരവ് മോദി ഉപയോഗിച്ചതെന്നാണ് വിവരം.


