ഭോപാൽ: മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ ലഭ്യമാകുന്ന മൂന്നിലൊന്ന് ഭാഗം കുടിവെള്ളവും സുരക്ഷിതമല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ മിഷൻ നടത്തിയ പ്രവർത്തനക്ഷമത വിലയിരുത്തൽ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ കുടിവെള്ള ശുദ്ധിയുടെ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ് മധ്യപ്രദേശിലെ നിലവിലെ അവസ്ഥ.
ജനുവരി നാലിന് പ്രസിദ്ധീകരിച്ച് റിപ്പോർട്ട് പ്രകാരം, മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിൽ പരിശോധിച്ച കുടിവെള്ള സാമ്പിളുകളിൽ വെറും 63.3 ശതമാനം മാത്രമാണ് സുരക്ഷിതമെന്ന് കണ്ടെത്തിയത്. ദേശീയതലത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം 76 ശതമാനം ആയിരിക്കെയാണ് സംസ്ഥാനം ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. അതായത്, സംസ്ഥാനത്തെ ഗ്രാമങ്ങളിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ 36.7 ശതമാനവും വിവിധ തരത്തിലുള്ള മലിനീകരണത്തിന് വിധേയമാണ്.


