ഗോഹട്ടി: ആസാം പൗരത്വ രജിസ്റ്റര്‍ നടത്തിപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ശരിവച്ച് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ 108 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് സിഎജി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഎജി റിപ്പോര്‍ട്ട് അനുസരിച്ച് 2013-14 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ 905.72 കോടി രൂപയാണ് എന്‍ആര്‍സി നടത്തിപ്പിനായി നല്‍കിയത്. ഇതില്‍ 108 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണു സിഎജി കണ്ടെത്തല്‍. പൗരത്വ രജിസ്റ്റര്‍ ഫണ്ടില്‍ വെട്ടിപ്പ് നടത്തിയെന്ന കാട്ടി ആസാം പബ്ളിക് വര്‍ക്സ് (എപിഡബ്ള്യു) എന്ന സംഘടന സിബിഐക്കു പരാതി നല്‍കിയിട്ടുണ്ട്.
ആസാം പൗരത്വ രജിസ്റ്റര്‍ മുന്‍ കോര്‍ഡിനേറ്റര്‍ പ്രതീഷ് ഹജേലയെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതീക് ഹജേലയെ സുപ്രീംകോടതി ഇടപെട്ടു സ്ഥലം മാറ്റിയിരുന്നു.
ഓഗസ്റ്റ് മുപ്പത്തൊന്നിനാണ് ആസാമില്‍ ദേശീത പൗരത്വ പട്ടിക പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 20 ലക്ഷം പേര് പൗരത്വത്തിന് അര്‍ഹരല്ലാതായി. ഇവര്‍ക്ക് വീണ്ടും രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്.


