രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡുള്ള വോട്ടർമാരാണ് ആരോപണം നിഷേധിച്ചത്. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറാണെന്ന് വെളിപ്പെടുത്തൽ. 2012 ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്തതെന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രം വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു. ഫോട്ടോ മാറിയെങ്കിലും മറ്റ് വിവരങ്ങൾ യാഥാർഥ്യമാണെന്നും സ്വീറ്റി കൂട്ടിച്ചേർത്തു .
ബ്രസീലിയൻ മോഡലിന്റേതുൾപ്പെടെ വ്യാജ ചിത്രങ്ങളും മേൽ വിലാസങ്ങളും ഉപയോഗിച്ച് ഹരിയാനയില്‍ കള്ളവോട്ട് നടന്നെന്നായിരുന്നു ഇന്നലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.ബ്രസീലിയൻ മോഡലിന്റെ ചിത്രമുളള വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്റെയും തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടു. സരസ്വതി, ഗീത, സീമ, സുമൻ ദേവി, ബിമല, അഞ്ജു, കവിത,കിരൺ ദേവി, വിമല, രശ്മി, പിങ്കി, മഞ്ജീത്,കൽവന്തി,പൂനം,സ്വീറ്റി,സുനിത, അംഗൂരി, ദർശന, മുനേഷ്, സരോജ്, സത്യവതിദേവി, ഗുനിയ തുടങ്ങിയ പേരുകളിലാണ് ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് വോട്ടടെടുപ്പ് നടന്നതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.


