ചെന്നൈ: നടൻ വിജയ്യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്റെ വാർത്താക്കുറിപ്പ്. അതേസമയം, ‘ബിഗിൽ’ എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അൻപുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണം.
300 കോടി രൂപയാണ് ‘ബിഗിൽ’ സിനിമയുടെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ. എന്നാൽ അൻപുച്ചെഴിയന്റെ എജിഎസ് ഗ്രൂപ്പ് ഓഫ് എന്റർടെയിൻമെന്റിന്റെയും എജിഎസ് ഗ്രൂപ്പിന്റെ മറ്റ് ഓഫീസുകളിലും നടത്തിയ റെയ്ഡിലൂടെ 300 കോടിയിലധികം രൂപയുടെ അനധികൃത രേഖകളും ചെക്കുകളും പ്രോമിസറി നോട്ടുകളും സ്വത്ത് രേഖകളും കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ വാർത്താക്കുറിപ്പിലുള്ളത്


