ദില്ലി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്നത്തെ കോടതി നടപടികള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. അറുപതിലേറെ ഹര്‍ജികളാകും ശബരിമല കേസില്‍ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കുക.
55 പുനഃപരിശോധനാ ഹര്‍ജികള്‍, നാല് പുതിയ റിട്ട് ഹര്‍ജികള്‍, രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്റെ സാവകാശ സാവകാശ അപേക്ഷ എന്നിവ ഇന്ന് പരിഗണിക്കുന്ന ഹര്‍ജികളില്‍ ഉള്‍പ്പെടുന്നു. അതേസമയം കോടതിയലക്ഷ്യ ഹര്‍ജികളൊന്നും ഇന്ന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചു. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ കായികമായി തന്നെ തടയാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതിനിടയില്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഹര്‍ജികളും പുതിയ റിട്ട് ഹര്‍ജികളുമെല്ലാം ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയിലായിരുന്നതിനാല്‍ പുനഃപരിശോധന ഹര്‍ജികളിലെയും റിട്ട് ഹര്‍ജികളിലെയും തീരുമാനം നീണ്ടുപോയി.

