ദില്ലി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിബന്ധന.
ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി വിധി. 2018 ഫെബ്രുവരിയില്‍ ശ്രേയ സെന്‍ എന്നിവരടക്കമുള്ള ഒരു സംഘം ഹര്‍ജിക്കാര്‍ക്ക് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാതെയും ആദായനികുതി റിട്ടേണ്‍ നല്കാന് ദില്ലി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നും ദില്ലി ഹൈക്കോടതി ആദായനികുതി വകുപ്പിന് അന്ന് നിര്‍ദേശം നല്‍കിയിരുന്നു.

