ദില്ലി: ജവഹർലാൽ സർവകലാശാലയിൽ നടന്നത് രണ്ട് വിഭാഗക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമാണെന്നും, ഇതിൽ ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും, അവരെ ആശുപത്രിയിലെത്തിച്ചെന്നുമുള്ള ദില്ലി പൊലീസിന്റെ വിശദീകരണം വിവാദത്തിൽ. ക്യാമ്പസിനകത്ത് ഫ്ലാഗ് മാർച്ച് നടത്തിയെന്നും സർവകലാശാലയുടെ ഉള്ളിൽ സ്ഥിതിഗതികൾ ശാന്തമാണെന്നുമാണ് ഈ മേഖലയുടെ ചുമതലയുള്ള സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദർ ആര്യ വ്യക്തമാക്കിയത്.
”ക്യാമ്പസിനകത്തെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണ്. ക്യാമ്പസിനകം മുഴുവൻ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തിക്കഴിഞ്ഞു. എല്ലാ ഹോസ്റ്റലുകളും പൊലീസ് സംരക്ഷണയിലാണ്. എല്ലാ പ്രധാനമേഖലകളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു മേഖലകളിലും അക്രമമില്ലെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. വൈകിട്ട് വിദ്യാർത്ഥികൾക്കിടയിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ചെറിയ സംഘർഷമുണ്ടായി. അതിൽ ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചില സാധനങ്ങൾക്ക് കേടുപാടുണ്ടായി. ഇത് അറിഞ്ഞ ജെഎൻയു തന്നെയാണ് പൊലീസിനോട് ഇടപെടാൻ ആവശ്യപ്പെട്ടത്”, എന്ന് ഡിസിപി ദേവേന്ദർ ആര്യ വ്യക്തമാക്കുന്നു. സംഭവം വിവാദമായ സ്ഥിതിയ്ക്ക് അക്രമങ്ങളിൽ ദില്ലി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികൾ ആരായിരുന്നു എന്നതും, എങ്ങനെയാണ് അക്രമം തുടങ്ങിയത് എന്നതും വെസ്റ്റേൺ റേഞ്ച് ജോയിന്റ് ഡിസിപി ശാലിനി സിംഗ് അന്വേഷിക്കുമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.


